ഹണിമൂണ്‍ ട്രിപ്പിനിടക്ക് ഒരു ദിവസം കോയമ്പത്തൂരിൽ താമസിക്കേണ്ടി വന്നിരുന്നു ( ഊട്ടിയിലേക്കുള്ള ട്രെയിൻ പിടിക്കാൻ ) താമസസ്ഥലത്തിനടുത്തുള്ള ഒരു പാർക്ക് കണ്ടപ്പോൾ കുറച്ചു നേരം അവിടെ പോയിരിക്കാൻ തീരുമാനിച്ചു ഞങ്ങൾ..
പാർക്ക് എന്ന് പറയാൻ പറ്റില്ല.ഒരു ഗ്രൌണ്ട്,സമ്മേളനങ്ങൾ ഒക്കെ നടക്കുന്ന സ്ഥലമാണെന്ന് തോന്നുന്നു,കുറെ കപിൾസ് ഇരുന്നു പ്രണയിക്കുന്ന ഒരു സ്ഥലം..
കോയമ്പത്തൂരിൽ താമസിക്കുന്നവർക്ക് അറിയാമായിരിക്കും.
ഞങ്ങൾ രണ്ടാളും നിർഭാഗ്യവശാൽ പാർക്കിലേക്ക് കയറാനായി എത്തി പെട്ടത് പാർക്കിന്റെ പിറകു വശത്തുള്ള ഗേറ്റിലാണ്.ചെറിയ വഴിയിലൂടെ ഞങ്ങൾ അകത്തേയ്ക്ക് കടന്നു, സ്ട്രീറ്റ് ലൈറ്റിന്റെ നേരിയ വെളിച്ചം മാത്രമേ അവിടെയുള്ളൂ..
ഞങ്ങൾ അകത്തു കടന്നതും എവിടെ നിന്നോ ഒരു നായ കുരച്ചു കൊണ്ട് ഞങ്ങളുടെ നേരെ ചാടി,അത് കടികുമെന്നു ഉറപ്പാണ്,തിരിഞ്ഞോടാൻ സമയമില്ല.എന്റെ മുന്നിലായിരുന്ന അവൾ എന്റെ അടുത്തേയ്ക്ക് ചേർന്ന് നിന്നു..
നായ അടുത്തെത്തി ,അത് എന്റെ മുന്നിലുള്ള അവളെ കടിക്കുമെന്ന് തോന്നിയതും ഞാൻ ഒന്നും ചിന്തിച്ചില്ല.രണ്ടു കൈ കൊണ്ടും അവളെ കോരിയെടുത്തു എന്റെ നെഞ്ചിന്റെ അത്രേം ഉയരത്തിൽ പൊക്കി പിടിച്ചു.
നായ കടിക്കുന്നെങ്കിൽ എന്നെ കടിച്ചോട്ടെ,,അവളെ കടിക്കാൻ സമ്മതിക്കില്ല.ഇതെല്ലം രണ്ടോ മൂന്നോ സെകന്റിനുള്ളിൽ നടന്ന കാര്യങ്ങളാണ്.
ഓടി വന്ന നായ പെട്ടെന്ന് എന്റെ കാലിനടുത്തു നിന്നു,ഞാൻ അനങ്ങിയില്ല,
ഞാനരികിലുള്ളപ്പോൾ നീയല്ല നിന്റെ അപ്പൂപ്പൻ വന്നാൽ പോലും ഇവളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിൽ കരുതി ഞാൻ നായയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി...
എന്റെ പ്രണയത്തിന്റെ തീവ്രത കണ്ടിട്ടാണോ എന്തോ നായ ഒന്ന് രണ്ടു വട്ടം അവിടെ നിന്നു കുരച്ചിട്ടു തിരിച്ചു നടന്നു..
എന്ത് സംഭവിച്ചാലും അവൾക്കു ഞാനുണ്ട് എന്നവൾക്ക് മനസ്സിലാവാൻ ഇതിലും വലിയ സംഭവം വേറെ ഒന്നും വേണ്ടല്ലോ? ഞങ്ങൾ ആണേൽ ജസ്റ്റ് ജീവിതം തുടങ്ങിയിട്ടേയുള്ളൂ ....ഞാൻ അവളെ താഴെ വെച്ചു. നെഞ്ചൊന്നു വിരിച്ചു നിന്നു. സത്യം പറഞ്ഞാൽ ഒരുമ്മയും പ്രതീക്ഷിച്ചു.
അപ്പോഴാണ് എന്നെ ഞെട്ടിച്ചുകൊണ്ട് ലെവളുടെ ഡയലോഗ്..
കല്ലെടുത്തും,കമ്പെടുത്തുമൊക്കെ നായ്ക്കളെ എറിയുന്നവരെ കണ്ടിട്ടുണ്ട്, സ്വന്തം ഭാര്യയെ എടുത്തു നായയെ എറിയാൻ നോക്കിയ ആളെ ആദ്യമായി കാണാണ്...
Comments
Post a Comment